ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി ശില്പിയായ രാം സുതാര്‍ (100) അന്തരിച്ചു. ബുധനാഴ്ച അര്‍ധരാത്രി നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായിരുന്നു. രാം സുതാറിന്റെ മകന് അനില്‍ സുതാര്‍ സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.
1925 ഫെബ്രുവരി 19ന് മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ഗൊണ്ടൂര്‍ ഗ്രാമത്തിലാണ് റാം സുതാറിന്റെ ജനനം. ചെറുപ്പം മുതലേ ശില്പകലയോട് ഏറെ താത്പര്യമുണ്ടായിരുന്നു. മുംബൈയിലെ ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ സ്വര്‍ണ മെഡലോടെ ബിരുദം നേടി. ഏഴ് പതിറ്റാണ്ടു നീണ്ട കലാജീവിതത്തില്‍ ശ്രദ്ധേയമായ സൃഷ്ടികള്‍ ലോകത്തിന് മുന്നില്‍ കാഴ്ചവച്ചു.
മഹാത്മാഗാന്ധി ധ്യാനനിരതനായി ഇരിക്കുന്നതും പാര്‍ലമെന്റ് വളപ്പിലെ ഛത്രപതി ശിവജി കുതിരപ്പുറത്ത് സവാരി ചെയ്യുന്നതുമായ പ്രതിമകള്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളാണ്. 1999ല്‍ പത്മശ്രീയും 2016ല്‍ പത്മഭൂഷണും നല്കി രാജ്യം സുതറിനെ ആദരിച്ചു.